ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു
ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ ഉയരം കൂടിയ മലകളിലെ ചോലക്കാടുകളിൽ മാത്രം കാണാൻ കഴിയുന്ന തനതു പക്ഷിയായ ബാണാസുര ചിലപ്പന ജില്ലയുടെ പക്ഷിയായും, തേങ്കോലനെ ജില്ലയുടെ മൃഗമായും പ്രഖ്യാപിച്ചു.
പ്രധാനമായും മാംസഭോജിയായ തേങ്കോലൻ കൂടുതലും മരങ്ങളിലാണ് വസിക്കുന്നത്. ചിലപ്പോൾ നിലത്തുകൂടിയും സഞ്ചരിക്കും. മലയണ്ണാൻ, കൂരമാൻ, ചെറുപക്ഷികൾ, ചെറു ഉരഗങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെ വേട്ടയാടുകയും ഇലകൾ, പഴങ്ങൾ എന്നിവയും ആഹരിക്കുകയും ചെയ്യും. ബ്രഹ്മഗിരി, പേരിയ, ബാണാസുരൻ, കുറിച്ചർമല, ക്യാമൽസ് ഹമ്പ് മലകളിലെ കാടുകളിലും വളരെ അപൂർവ്വമായി ഇവയെ കാണാം.
വയനാടൻ കാടുകളിൽ ഏറ്റവുമധികം വളരുന്ന ചെറുമരമായ കാട്ടു ചാമ്പയാണ് ജില്ലയുടെ വൃക്ഷം. ഇതിൻ്റെ ഫലം ഭക്ഷ്യയോഗ്യമാണ്. സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ നന്നായി വളരും. പൂക്കോട് തടാകത്തിൽ കണ്ടെത്തിയ അപൂർവ മത്സ്യ ഇനമായ പൂക്കോടൻ പരൽ ജില്ലയുടെ മത്സ്യമായി. ചെറു തോടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിൻ്റെ ഗുണനിലവാരം കുറയുന്നതിനാൽ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.
കരിനീലക്കടുവയെ ജില്ലയുടെ ചിത്രശലഭമായും വയനാടൻ കാടുകളിൽ ഏറ്റവുമധികം കാണപ്പെടുന്ന കായാമ്പൂവിനെ ജില്ലയുടെ പുഷ്പമായും പ്രഖ്യാപിച്ചു. മഴക്കാലത്ത് മാത്രം പുറത്തെത്തി വീണ്ടും മണ്ണിനടിയിലേക്ക് പോകുന്ന അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന വിഷമില്ലാത്ത ചെങ്കറുപ്പനെ ജില്ലയുടെ പാമ്പായി പ്രഖ്യാപിച്ചു. കുറിച്യർമല – വെള്ളരിമല എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടെത്തിയിട്ടുള്ളത്.
വർഷത്തിൽ ഒരു മാസം മാത്രം കാണുന്ന വയനാടൻ തീ കറുപ്പനെ ജില്ലയുടെ തുമ്പിയായി പ്രഖ്യാപിച്ചു. ജില്ലയുടെ പൈതൃക മരമായി പന്തപ്പയിനും തവളയായി കാപ്പിത്തോട്ടങ്ങളിൽ മാത്രം കാണപ്പെടുന്ന മഞ്ഞകരയൻ മരത്തവളയെയും പ്രഖ്യാപിച്ചു. വയനാടിൻ്റെ തനത് സ്പീഷിസുകളായ വൃക്ഷം, മൃഗം, പക്ഷി, മൽസ്യം, ചിത്രശലഭം, പുഷ്പം, പൈതൃക മരം, തുമ്പി, പാമ്പ്, തവള എന്നിവ പൈതൃകമായി സംരക്ഷിക്കും. ജില്ലാ പ്ലാനിങ് ഓഫീസർ എം. കലാമുദ്ധീൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ജില്ലാ ആസൂത്രണ സമിതി അംഗം എ.എൻ പ്രഭാകരൻ, ബി.എം.സി ജില്ലാ കൺവീനർ ടി.സി ജോസഫ്, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ ശ്രീരാജ് എന്നിവർ പങ്കെടുത്തു.








