മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ പ്രതിശ്രുത വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജ്വയിനിയിലാണ് സംഭവം. മാതാവിനെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കഴിഞ്ഞ വ്യാഴാഴ്ച ആണ് കേസ് കൊടുത്തത്. കേസ് കൊടുക്കുന്നതിന് എട്ടുദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു. കേസ് കൊടുത്ത ആ വ്യാഴാഴ്ച തന്നെ ഈ സ്ത്രീയെ പൊലീസ് ചിക്ലി ഗ്രാമത്തില്‍ നിന്നും കണ്ടെത്തി.
60 വയസ് പ്രായം തോന്നിക്കുന്ന ഒരു കര്‍ഷകനൊപ്പമാണ് അവരെ ചിക്ലി ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ കര്‍ഷകന്‍ യുവാവ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പിതാവാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. മക്കളുടെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായുള്ള കണ്ടുമുട്ടലിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച പോയ ആ സ്ത്രീ ഇനി തിരിച്ചു വരാന്‍ ആഗ്രഹമില്ലെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും അറിയിച്ചതായി പൊലീസ് പറഞ്ഞു. കര്‍ഷകൻ്റെ ഭാര്യ കുറച്ചുകാലം മുന്‍പ് മരിച്ചുപോയതാണ്.








