തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് പുറമെ ഇനി സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം ഓൺലൈൻ വഴി ലഭ്യമാകും. മോട്ടോർവാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കൺസെഷനുമായി ബന്ധപ്പെട്ട് ബസുകളിൽ നിലനിൽക്കുന്ന തർക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം. പഠനാവശ്യങ്ങൾക്കായി മാത്രമായി വിദ്യാർഥികളുടെ യാത്രകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനം വഴി കഴിയും.കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. വിദ്യാർഥിക്ക് യാത്ര ചെയ്യേണ്ട പാത വ്യക്തമാക്കിക്കൊണ്ട് വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകണം. ഈ ശുപാർശ പരിശോധിച്ച ശേഷം, അതത് പ്രദേശത്തെ മോട്ടോർവാഹന വകുപ്പ് ഓഫീസുകൾ കൺസെഷൻ അനുവദിക്കും.
അനുമതി ലഭിക്കുന്നതോടെ, ക്യുആർ കോഡുള്ള കൺസെഷൻ കാർഡ് ഓൺലൈനിൽ ലഭ്യമാകും. ഇതിന്റെ പ്രിന്റ് എടുക്കാനും സാധിക്കും. കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, ഏത് പാതയിലാണ് ടിക്കറ്റ് നൽകേണ്ടതെന്ന് കൃത്യമായി അറിയാൻ കഴിയും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലുള്ള ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ചാൽ മതിയാകും.
സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്ക് മാത്രമേ കൺസെഷന് ശുപാർശ നൽകാൻ സാധിക്കൂ. പുതിയ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ആപ്പിൽ രജിസ്റ്റർ ചെയ്യണം.
								
															
															
															
															







