Advertisement

ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

KERALA
News Image

ഓണത്തിന് ഒരാഴ്ച മുമ്പേ നാട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽനിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ സഹായമാകും. സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.

GENERAL
News Image

റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് കോഴ്സ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9847699720, 8281362097.

ARIYIPPU
News Image
Advertisement

വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ

പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം വനമേഖലയിൽ കനത്ത മഴ പെയ്‌താൽ കരകവിയുന്ന കന്നാരം പുഴയിലേക്ക് ഇവരുടെ വീടുകളുടെ തറ യുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. പകൽ പോലും ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണ് ഇവിടം. ഉന്നതിയിലെ കുടുംബങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വനത്തിൽ പോകേണ്ട അവസ്ഥയാണ്.ഇവിടുത്തെ പലരുടെയും വീടുകൾ അപകടാവസ്ഥയിലാണ്.പണ്ട് കോൺക്രീറ്റ് ചെയ്‌ത വീടുകളെല്ലാം ചോർന്ന് തറയും ഭിത്തിയുമെല്ലാം വീണ്ടുകീറുന്ന അവസ്ഥയാണ്. വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാനസൗകര്യം ഒരുക്കാനും ഇവർക്ക് തൊഴിലവസരങ്ങൾക്കും പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല കലക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇവിടെയുളള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാൻ നടപടി വേണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം

PULPALLY
News Image

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.കേരള പൊലീസ് സംവിധാനത്തില്‍ പൊലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ് സർക്കാറെന്നും കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.

KERALA
News Image

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ

ലിയോണൽ മെസിയടങ്ങിയ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ട് ഗുരുതരമെന്ന് വിലയിരുത്തൽ. മുൻ മന്ത്രി അബ്ദുറഹ്മാന്റെ ഇടപെടലുകളും അന്വേഷണപരിധിയിൽ വരും. ടെൻഡർ വിളിക്കാതെ സ്പോൺസറെ തീരുമാനിച്ചതും സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തൽ. അന്വേഷണം വൈകാതെ പ്രഖ്യാപിക്കും. വിജിലൻസ് അന്വേഷണത്തിനുൾപ്പെടെ തീരുമാനം എടുത്തേക്കും. ചട്ടങ്ങൾ മറികടന്നും അധികാര ദുർവിനിയോഗം നടത്തിയും സർക്കാരിനെ നിയമകുരുക്കിൽ ആക്കാവുന്ന തീരുമാനങ്ങൾ സ്പോൺസർക്ക് വേണ്ടി എടുത്തെന്നാണ് കണ്ടെത്തൽ. ധന, നിയമ വകുപ്പുകളുടെ പരിശോധനയില്ലാതെ കരറുമായി മുന്നോട്ട് പോയതും സ്പോൺസറെ തിരഞ്ഞെടുക്കാൻ ടെൻഡർ വിളിക്കാതിരുന്നതും ഉൾപ്പെടെ അന്വേഷിക്കും.

GENERAL
News Image

ട്രാക്ടർ ലേലം

മോട്ടോർ വാഹന നികുതി കുടിശിക ഈടാക്കുന്നതിന് നടവയൽ ഉഷസ് സ്വാശ്രയ സംഘത്തിൽ നിന്ന് ജപ്തി ചെയ്ത കെ.എൽ 12 ജി 5898 നമ്പർ ട്രാക്ടർ, ട്രെയിലർ, രണ്ട് വലിയ ഇരുമ്പ് ചക്രങ്ങൾ എന്നിവ ഓഗസ്റ്റ് 20ന് രാവിലെ 11ന് ലേലം ചെയ്യുന്നു. വാഹനം സൂക്ഷിച്ചിരിക്കുന്ന നടവയൽ വില്ലേജിലെ നെല്ലിക്കയത്ത് വീട് പരിസരത്തുവെച്ചായിരിക്കും ലേലമെന്ന് റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നടവയൽ വില്ലേജ് ഓഫീസിൽ നിന്നും അമ്പലവയൽ റവന്യൂ റിക്കവറി തഹസിൽദാർ ഓഫീസിൽ നിന്നും ലഭിക്കും.

ARIYIPPU
News Image

ദർഘാസ്

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ എത്തുന്ന സഞ്ചരികൾക്ക് ഗോത്ര വിഭാഗങ്ങളുടെ തനത് രീതിയിലുള്ള നിർമ്മിതികൾ കാണുന്നതിനും പരിചയപെടുന്നതിനും അവസരങ്ങൾ ഉണ്ടാകുന്നതിന് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ഇൻ്റർപ്രേറ്റട്ടഷൻ സെൻ്ററിന് സമീപത്തായി ഗോത്ര തനിമയോട് കൂടി നെല്ല് കുത്തൽ പുര നിർമ്മിക്കുന്നതിന് പ്രവർത്തി പരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘങ്ങൾ, സഹകരണ സംഘങ്ങൾ, പട്ടികവർഗ്ഗ ചാരിറ്റബിൾ സൊസൈറ്റികൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നേരിട്ടോ, തപാല്‍മുഖേനയോ ഓഗസ്റ്റ് 31 വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍- 6238071371

ARIYIPPU
News Image

അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

 തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റും വില്‍പ്പനയ്‌ക്കെത്തും.ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് സപ്ലൈകോ സ്‌റ്റോറുകള്‍ കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നത്.

KERALA
News Image

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

 ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ക്യാബ് അഗ്രിഗേറ്റർമാരോട് ആപ്പുകളിൽ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ടിപ് നൽകി ട്രിപ്പുകൾ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ടിപ്പ്സ് ഓപ്ഷൻ ആപ്പുകളിൽ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

GENERAL
News Image

ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; പ്രിയദര്‍ശിനിയിലെ സീറോ ടിക്കറ്റ് പരാതിയില്‍ സി പി ജോണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കുന്നുവെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ആദ്യം ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടിയിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി പി ജോണ്‍ പറഞ്ഞു. നല്ല തിരക്കുള്ള ഇടങ്ങളില്‍ ക്യൂ പാലിച്ചു കയറാന്‍ ശ്രമിക്കണം എന്നും ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

KERALA
News Image

ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര്‍ വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

SPORTS
News Image

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്റ്, ഡിപ്ലോമ ഇൻ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട് മാനേജ്മെന്റ്റ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ഫോണ്‍- 0471 2570471, 9846033009, 9846033001

ARIYIPPU
News Image

മെസ്സി സന്ദര്‍ശനം; ഗുരുതര ക്രമക്കേടുകള്‍ നടന്നു; ജിഎസ്ടി തട്ടിപ്പുണ്ടായി; സ്‌പോണ്‍സറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; വി ഡി സതീശന്‍

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്‌പോണ്‍സറെ തീരുമാനിച്ചതില്‍ ചട്ടലംഘനമുണ്ടായി. സ്‌പോണ്‍സര്‍ പണം സമാഹരിച്ചത് അന്വേഷിക്കും. ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായ തുക ഈടാക്കും. എല്ലാ കാര്യങ്ങളിലും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. മുന്‍ സര്‍ക്കാരിന് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ലേ. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വെക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് അനുമതി കൊടുത്തതിന്റെ പ്രൊസീജ്യര്‍ എന്തായിരുന്നു. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചിരുന്നോ. വിപണി മൂല്യ നിര്‍ണയമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റും ഇതിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. എന്റെ മുന്നില്‍ ഒരു പരാതി കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങി എന്നാണ് പറയുന്നത്. ഞങ്ങള്‍ പരിശോധിക്കുന്നേയുള്ളു. അതിന്‍മേല്‍ ഒന്നും ചെയ്തിട്ടില്ല – അദ്ദേഹം പറഞ്ഞു.ഈ വിഷയത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. അത് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ കണ്ടുപിടിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ പിന്നീട് അത് അന്വേഷണം മരവിപ്പിക്കപ്പെട്ടത് പോലുള്ള സ്ഥിതി ഉണ്ടായിട്ടുണ്ട്. അതടക്കം പരിശോധിച്ച് സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. അനാസ്ഥയെ കുറിച്ച് അന്വേഷണം ധനകാര്യ വകുപ്പ് നടത്തും – അദ്ദേഹം പറഞ്ഞു.

KERALA
News Image

സ്പോട്ട് അഡ്മിഷൻ

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻ്റ് ഫുഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്‌സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌ത സീറ്റുകളിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം എഞ്ചിനിയറിംഗ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുമായിരിക്കും അഡ്മിഷൻ നടത്തുക. വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഓഗസ്റ്റ് 14ന് രാവിലെ പത്തിനകം എത്തണം. കൂടുതൽ വിവരങ്ങൾ www.kcaet.kau.in, www.kau.in ല്‍ ലഭിക്കും.

ARIYIPPU
News Image

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ. പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിസിഎ നിര്‍ദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും എയര്‍ ഇന്ത്യ ഇതിനകം പൂര്‍ണമായി പാലിക്കുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാന വ്യോമയാന മേഖലകളില്‍ നിലവിലുള്ള മാനദണ്ഡങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എങ്കിലും നിലവില്‍ പരിശോധ അനിവാര്യമാണെന്ന് തീരുമാനിച്ചതായി എയര്‍ ഇന്ത്യയുടെ കത്തില്‍ പറയുന്നു.

GENERAL
News Image

യുജിസി- നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ യുജിസി -നെറ്റ് പേപ്പര്‍ ഒന്നും രണ്ടും പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മന്‍റ് വിഷയങ്ങളിലാണ് പരിശീലനം. ഫോണ്‍- 8136882389, 9495069307, 8547005087, 0471 -2550612

ARIYIPPU
News Image

സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്...; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തു.ബുധനാഴ്ച ഉച്ചയോടെ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം റോഡിൽ ഉണ്ടായത്. വാഹനത്തിന്റെ സൺ റൂഫിന് മുകളിലും ഡോറിനു മുകളിലും ഒക്കെ ഇരുന്നുകൊണ്ട് വിദ്യാർഥികൾ ശബ്ദം വച്ച് റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഈ അപകട സവാരി സംബന്ധിച്ച് കോഴിക്കോട് ആർടിഒ ഓഫിസിൽ നിരവധി പരാതി ലഭിച്ചിരുന്നു. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ ആണു നടപടികൾ എടുത്തത്. കേസ് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.

KERALA
News Image

ഫാർമസിസ്റ്റ് നിയമനം

നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിൽ ഒഴിവുള്ള ഫാർമസിസ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻ.സി.പി അല്ലെങ്കിൽ സി.സി.പിയാണ് യോഗ്യത. പ്രദേശവാസികൾക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 363377.

ARIYIPPU
News Image

ജി.എസ്.ടി സ്കിൽ കോഴ്സ് പ്രവേശനം

ഐ.എച്ച്.ആർ.ഡി മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ-ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് യോഗ്യത. ഫോൺ: 04936 246446, 8547005077

ARIYIPPU
News Image