മുട്ട പോഷകങ്ങളുടെ കലവറയാണ്. ഒരു വലിയ മുട്ടയില്‍ നിന്ന് ഏകദേശം 6-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ഡി, ഇ, ബി-12, എന്നവയും കോളിന്‍, ല്യൂട്ടിന്‍, സിയാസ്‌കാന്തിന്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പില്‍ ലയിക്കുന്ന മിക്ക പോഷകങ്ങളും തലച്ചോറിനും കണ്ണിനും ആരോഗ്യം നല്‍കുന്ന ഘടകങ്ങളും ചേര്‍ന്നതാണ്. മുട്ടയുടെ വെളള ശുദ്ധമായ ലീന്‍ പ്രോട്ടീനാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ മുട്ട പേശികള്‍ക്കും തലച്ചോറിനും കണ്ണുകള്‍ക്കും മൊത്തത്തിലുളള ആരോഗ്യത്തിനുമുള്ള ഇന്ധനമാണ്.
ഇത്രയും ആരോഗ്യ ഗുണമുള്ള മുട്ട ഒരാള്‍ക്ക് ഒരു ദിവസം എത്രയെണ്ണം കഴിക്കാം എന്നറിയാമോ? അതിനൊരു അളവുണ്ട്. അധികമായാല്‍ മുട്ടയും അപകടകാരിയാണ്. ആരോഗ്യവാനായ ഒരാള്‍ക്ക് പ്രതിദിനം 1-2 മുട്ടകള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാലും കഴിക്കുന്ന ആളുടെ ആരോഗ്യസ്ഥിതിയും പ്രധാനമാണ്. ഹൃദ്രാഗ അപകടങ്ങള്‍, പ്രമേഹം, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (മോശം കൊളസ്‌ട്രോള്‍)എന്നിവയുള്ള ആളുകള്‍ക്ക് പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുട്ടയുടെ കാര്യത്തില്‍ പാലിക്കേണ്ടതായുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആഴ്ചയില്‍ ഏകദേശം 4-7 മുട്ടവരെ കഴിക്കാം.








