മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു വിഭാഗം പ്രമേഹം പിടിപെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതലമുറ രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുമായി ക്ലിനിക്കുകള്‍ കയറിയിറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കരിയറിന് ഏറെ പ്രാധാന്യം നല്‍കി ജീവിക്കുന്ന ഒരു സമൂഹം സ്വന്തം ശരീരത്തെ ശ്രദ്ധിക്കാന്‍ മറക്കുന്നിടത്താണ് ഇതിന്റെയെല്ലാം ആരംഭം. ജീവിതശൈലി, സമ്മര്‍ദം, നഗരങ്ങളിലെ ഭക്ഷണരീതി, ഏറെനേരം ഇരുന്നുള്ള ജോലി എന്നിവയെല്ലാമാണ് ഈ അവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ആളുകള്‍ വിചാരിക്കുന്നതിലും ഗൗരവമേറിയ കാര്യമാണ് വളരെ ചെറുപ്രായത്തിലെ പ്രമേഹം ഉണ്ടാവുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Diabetes in Early age
Diabetes
എന്തുകൊണ്ടാണ് ഈ പ്രായത്തില്‍ പ്രമേഹം പിടിപെടുന്നത്?
18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ പതിനെട്ട് ശതമാനത്തോളം പേര്‍ക്ക് ഇപ്പോള്‍ പ്രമേഹം പിടിപെടുന്നുണ്ട്. അതായത് ഈ പ്രായപരിധിയിലുള്ള അഞ്ച് പേരില്‍ ഒരാള്‍ പ്രമേഹ ബാധിതനാണ്. രാജ്യത്ത് പലയിടങ്ങളിലുമുള്ള ചെറുപ്പക്കാരില്‍ മെറ്റബോളിക്ക് ബാലന്‍സ് വളരെ വേഗത്തില്‍ കുറയുന്നുവെന്നതിന്റെ അടയാളമാണിതെന്ന് ന്യൂബര്‍ഗ് ഡയഗണോസ്റ്റിക്‌സ് ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുജയ് പ്രസാദ് പറയുന്നു. വടക്കന്‍ പ്രദേശങ്ങളിലെക്കാള്‍ ദക്ഷിണ, പടിഞ്ഞാറന്‍, സെന്‍ട്രല്‍ സോണുകളിലെ മേല്‍പ്പറഞ്ഞ പ്രായത്തിലുള്ള 43ശതമാനത്തോളം പേരാണ് പ്രമേഹബാധിതര്‍. കോവിഡ് 19ന് ശേഷമാണ് ഇത്തരത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. എന്നാല്‍ കോവിഡിന് മുമ്പും ശേഷവും ഇത് തന്നെയാണ് സ്ഥിതിയെന്നാണ് ഡോക്ടര്‍ പറയുന്നു.








