കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ണിൽ ചെള്ള് പോയതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോ. പ്രഭാകർ കുട്ടിയുടെ മുഖത്തടിച്ചുവെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ, ചികിത്സയോട് കുട്ടി സഹകരിക്കാത്തതിനെ തുടർന്ന് പിതാവ് പ്രകോപിതനായി ഡോക്ടറെ മർദിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഇരുവിഭാഗവും പരാതി നൽകിയ സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.








