സുൽത്താൻ ബത്തേരി: ദേശീയപാതയിൽ ഇന്നോവ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും കൈവിലങ്ങ് മുറിച്ചുമാറ്റാൻ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
കൊല്ലം സ്വദേശി രവീന്ദ്രൻ (64), എറണാകുളം സ്വദേശി ഷിജു (51) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ, കവർച്ച നടത്തിയ ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 4-ന് രാത്രി കല്ലൂർ 67-ാം പാലത്തിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്ന വ്യാപാരിയും ഡ്രൈവറും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി, ഗ്ലാസ് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ മർദിച്ച് വാഹനവും ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും കവരുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലെ ഡാഷ് ക്യാമറ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.








