സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.
ബസുകളിലെ രൂപകൽപ്പനയിലെ പിഴവ് യാത്രക്കാരുടെ ജീവന് വരെ അപകടമാണ്. ചില ബസുകളിലെ ഡ്രെെവറുടെ ക്യാബിനും പാസഞ്ചർ കമ്പാർട്ട്‌മെന്റും പൂർണമായും വേർപ്പെട്ടാണ് ഇരിക്കുന്നത്. ഇത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം നടത്തുന്നതിനെ തടസപ്പെടുത്തുന്നു. അതിനാൽ ബസുകളുടെ സുരക്ഷാ മെച്ചപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമ്മർപ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി, മഹാരാഷ്ട്ര – പൂനെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് ഡയറക്ടർ എന്നിവർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.കഴിഞ്ഞമാസം രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന എസി ബസിന് തീപിടിച്ച് 20 ഓളം പേർ മരിച്ചിരുന്നു. ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോൾ ബസിൽ നിന്ന് പുകയുയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസ് പൂർണമായും കത്തിക്കരിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്.








