തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് ശക്തമായ മഴ.








