ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധ സേന പതാക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയുടെ സേനാ പതാക ഫണ്ട് സമഹാരണ ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങളും ജീവനക്കാരും സഹകരിക്കണമെന്നും കളക്ടര്‍ നിർദ്ദേശിച്ചു.
ഇന്ത്യയിൽ 1949 മുതൽ എല്ലാ വർഷവും ഡിസംബർ 7 സായുധ സേന പതാക ദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബങ്ങളെയും ആദരിക്കാനും അവരുടെ ക്ഷേമത്തിനായുള്ള ധനശേഖരണം നടത്തുന്നതിനും വേണ്ടിയുള്ള ദിനമാണിത്. പൊതു ജനങ്ങൾക്ക് പതാകയുടെ മാതൃക നൽകി ചെറിയ സംഭാവനകൾ സ്വീകരിച്ച് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ് എം. പി വിനോദൻ അധ്യക്ഷനായ പരിപാടിയിൽ
ജില്ലാ സൈനിക ക്ഷേമ ബോർഡ് അംഗം റിട്ട. കേണൽ ഡി. സുരേഷ് ബാബു, സംസ്ഥാന ഗവണിംഗ് കൗൺസിൽ അംഗം മത്തായി കുഞ്ഞുകുത്ത് പള്ളി, ജില്ലാ എക്സ് സർവീസ് കമ്മിറ്റി സെക്രട്ടറി വി അബ്ദുള്ള, സൈനിക ക്ഷേമ ഓഫീസ് സ്റ്റാഫ്, വിവിധ ജില്ലാ ഓഫീസുകളിലെ ജീവനക്കാർ, എൻ.സി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.








