പതിവില്ലാതെ കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ ലാ നിന (La Niña), സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹം, പ്രാദേശികമായ താപ വികിരണ പ്രതിഭാസങ്ങൾ തുടങ്ങിയ കാലാവാസ്ഥ മാറ്റമാണ് അതിശൈത്യത്തിന് കാരണമെന്ന് മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD) ശാസ്ത്രജ്ഞനും ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസറുമായ കാംസലി നാഗരാജ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഫസർ കാംസലി നാഗരാജ, ഐഎംഡി ശാസ്ത്രജ്ഞൻ ചനബസനഗൗഡ എസ്. പാട്ടീൽ എന്നിവരാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം വിശകലനം ചെയ്തത്.
ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശം ഇത്രയും കഠിനമായ തണുപ്പിലേക്ക് മാറാൻ കാരണം പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ‘ലാ നിന’ പ്രതിഭാസമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി ഇന്ത്യയിൽ ലാനിന പ്രതിഭാസം കടുത്ത തണുപ്പിന് കാരണമാകുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ താഴുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ആഗോള വായുസഞ്ചാര ഗതിയിൽ മാറ്റം വരുത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഠിനമായ ശൈത്യത്തിന് വഴിയൊരുക്കുകയും ചെയ്തു.








