സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു പ്രചരണമാണ് റിസർവ് ബാങ്ക് അഞ്ഞൂറു രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നു എന്നത്. 2026 മാർച്ച് മുതൽ എടിഎമ്മുകളിൽ അഞ്ഞൂറു രൂപ ലഭിക്കില്ലെന്നും ഇതിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.
നിലവിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഇത്തരമൊരു നീക്കം ആർബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന വാർത്ത തീർത്തും വ്യാജമാണെന്ന് പിഐബി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐ അത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. അഞ്ഞൂറു രൂപ എല്ലാ തരം ഇടപാടുകൾക്കും ഉപയോഗിക്കാം. ഒരു നിയന്ത്രണങ്ങളും ആർബിഐ ചുമത്തിയിട്ടില്ല.
എടിഎമ്മുകളിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നതും അഞ്ഞൂറു രൂപ നോട്ടുകളാണ്. ചില എടിഎമ്മുകളിൽ നിന്നും നൂറ്, ഇരുന്നൂറ് രൂപകളുടെ നോട്ടുകളാണ് ലഭിക്കുന്നതെങ്കിലും ആളുകൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് അഞ്ഞൂറു രൂപ നോട്ടുകൾക്കാണ്. ഒറ്റതവണ വലിയ ഒരു തുക പിൻവലിക്കാൻ കഴിയുമെന്നത് തന്നെയാണ് ഇതിന്റെ മേന്മ.
കഴിഞ്ഞ വർഷം ജൂൺ മാസത്തിലും ഇത്തരമൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ ശക്തമായി നടന്നിരുന്നു. ഒരു യൂട്യൂബ് വീഡിയോയിൽ 2026 മാർച്ചിൽ അഞ്ഞൂറു രൂപ നോട്ടുകൾ പിൻവലിക്കുമെന്നാണ് പറഞ്ഞിരുന്നത്. പിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 500 രൂപ നോട്ടുകൾ പിൻവലിക്കാൻ ഒരു തീരുമാനവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.








