കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ ഉമർ അബ്ദുസ്സലാം ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മാറുന്ന ലോകത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ നിരന്തരമായ അറിവ് പുതുക്കലും സ്വയം നവീകരിക്കലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . “പുതിയ അറിവുകൾ പഠിക്കാനും കഴിവുകൾ വർദ്ധിപ്പിക്കാനും തയ്യാറാകുക എന്നതാണ് ഈ കാലഘട്ടത്തിൽ മികച്ച രീതിയിൽ ജീവിക്കാനുള്ള ഏക മാർഗ്ഗം. അല്ലാത്തപക്ഷം നാം വേഗത്തിൽ കാലഹരണപ്പെട്ടു പോകും,” അദ്ദേഹം രക്ഷിതാക്കളെയും അധ്യാപകരെയും ഓർമ്മിപ്പിച്ചു. എ.ഐ പോലുള്ള സാങ്കേതികവിദ്യകളെ ഭയപ്പെടാതെ അവയെ ക്രിയാത്മകമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം വിശദീകരിച്ചു.
ജനുവരി 8 മുതൽ 12 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന സാങ്കേതിക പ്രദർശനങ്ങളും മത്സരങ്ങളുമാണ് സ്കൂൾ ടെക് ഫെസ്റ്റിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
വയനാട് ഡി.ഡി.ഇ ജൂനിയർ സൂപ്രണ്ട് സലീം മാലിക് പരിപാടിയുടെ അവതാരകനായി. എം.സി.എഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നസ്രത്ത് സി.പി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. മുസ്തഫ ഫാറൂഖി ആശംസ അർപ്പിച്ചു . സ്കൂൾ എ ഐ ലാബ് ഇൻസ്‌ട്രക്ടർ ആദിൽ കെ.പി നന്ദി പറഞ്ഞു .








