മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലി മണിയൻകുന്ന് പ്രദേശങ്ങളിൽ നിന്നും മോഹനവില വാഗ്ദാനം ചെയ്ത് സ്വയം സന്നദ്ധത പുനരധിവാസം എന്ന പേരിൽ ഭൂമി ഏറ്റെടുത്ത് പ്രദേശവാസികളെ ഒഴിപ്പിക്കാനുളള വനംവകുപ്പ് അധികൃതരുടെ ശ്രമം ആശങ്കാജനകമാണെന്ന് മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി.
പ്രദേശത്ത് സർവകക്ഷി യോഗം വിളിക്കാതെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുമുള്ള ഈ ഒരു രഹസ്യ നീക്കം പ്രദേശത്തെ വനത്തോട് ചേര്‍ക്കാനുളള ഗൂഢ നീക്കമായാണ് കരുതപ്പെടുന്നത്. നിലവില്‍ വന്യമൃഗ ശല്യം കാരണം ഭീതിയിലായ പ്രദേശത്ത് അവയെ തടയാനുളള ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതിന് പകരം ഒഴിപ്പിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.
പ്രദേശത്തെ വികസനവും സ്വസ്ഥമായ ജനജീവിതവും ബുദ്ധിമുട്ടിലാക്കുന്ന
ഇത്തരം ജനവിരുദ്ധ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോയാല്‍ ജനകീയ സമരത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് ഫോറസ്റ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ, ജന.സെക്രട്ടറി അര്‍ഷാദ് ചെറ്റപ്പാലം, ഹുസൈന്‍ കുഴിനിലം, സലീം.പി.എച്ച്, ഫൈസല്‍ പഞ്ചാരക്കൊല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു








