മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കൽ സുജീഷിന്റെ വീട് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്തുപോയി തിരികെ വരുമ്പോഴാണ് വീടിനുള്ളിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ടത്.
ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും, തീ വേഗത്തിൽ പടർന്നതിനാൽ വീട് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പഠനോപകരണങ്ങൾ, രേഖകൾ എന്നിവയെല്ലാം തീപിടുത്തത്തിൽ നശിച്ചു.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫീസർ, പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വീട് നഷ്ടപ്പെട്ട കുടുംബത്തിന് ആവശ്യമായ അടിയന്തര സഹായവും തുടർനടപടികളും ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ്, വൈസ് പ്രസിഡണ്ട് സജീവൻ എന്നിവർ അറിയിച്ചു.








