പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ട 27 കാര്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇത്ര അവഗണന ഒരു ബജറ്റിലും ഉണ്ടായിട്ടില്ല. തൊഴിലാളികളെയും കർഷകരെയും വിദ്യാഭ്യാസ,ആരോഗ്യ, റെയിൽവേ മേഖലകളെയുമെല്ലാം വലിയതോതിൽ അവഗണിച്ചിരിക്കുകയാണ്. കേന്ദ്ര അവഗണനയ്ക്കെതിരെ സത്യസന്ധമായി പ്രതികരിക്കാൻ യു ഡി എഫും ബിജെപി സംസ്ഥാന നേതൃത്വവും തയ്യാറാവുന്നില്ല.ജനങ്ങളുടെ പ്രയാസങ്ങൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാർ കേരള ജനതയുടെ ചെറുത്തുനിൽപ്പിന്റെ പര്യായമായി മാറും. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന വികസന നയത്തിന് വലിയ ജനപിന്തുണ ഉണ്ടാകും.ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി കേരള ജനത ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര അവഗണനക്കെതിരെ പോരാടണമെന്നും കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടു.
ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് പി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗം കെ.പി ശശികുമാർ രാഷ്ട്രീയ വിശദീകരണം നടത്തി.സിപിഐ എം പുൽപ്പള്ളി ലോക്കൽ സെക്രട്ടറി ശരത്കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മഹിളാ കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ടും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈജ മഗേഷ് മുഖ്യാതിഥിയായിരുന്നു. പാർട്ടി ജില്ലാ ഭാരവാഹികളായ എംഎൻ രാമചന്ദ്രൻ, ടികെ വിശ്വംഭരൻ,കെജി അരുൺ, സിആർ പ്രദീപ്, ഷിബി തമ്പാൻ, സൗമ്യ ജോൺസൺ, ജോസഫ്, സികെ അനുമോൻ എന്നിവർ സംസാരിച്ചു.








