കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ തലയിലും കഴുത്തിലും അര്‍ബുദം ബാധിക്കുന്നുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ പ്രകാരം വര്‍ഷങ്ങളായി കാന്‍സര്‍ കേസുകളില്‍ സ്ഥിരമായ വര്‍ധനവാണ് കാണപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. GLOBOCAN 2020 ലെ കണക്കുകള്‍ പ്രകാരവും ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2040 ആകുമ്പോഴേക്കും ഓരോ വര്‍ഷവും 2 ദശലക്ഷത്തിലധികം പുതിയ കേസുകള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം. ഇന്ത്യയിലെ പുരുഷന്മാരില്‍ 20 ശതമാനത്തോളം വായിലെ കാന്‍സറുകളാണ്.40 വയസിന് മുകളിലുള്ളവരിലാണ് കൂടുതല്‍ രോഗനിര്‍ണയം നടക്കുന്നത്.
കാരണങ്ങള്‍ ഇങ്ങനെ
പുകവലിയും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് വായുടെയും തൊണ്ടയുടെയും ആവരണത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നു. ഇന്ത്യയില്‍ ഇപ്പോഴും പുകയില, അപകട ഘടകങ്ങളില്‍ ഒന്നായി തുടരുന്നുണ്ട്.
മദ്യം മറ്റൊരു അപകട സാധ്യതയാണ്. പതിവായി മദ്യം ഉപയോഗിക്കുന്നത് ഓറല്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസഥയിലേക്ക് നയിച്ചേക്കാം. ഇത് വായുടെ പാളി കട്ടിയുള്ളതാക്കുകയും ഇലാസ്തികത നഷ്ടപ്പെടുത്തുകയും ചെയ്യും. കാലക്രമേണ ഇത് കാന്‍സറായി മാറിയേക്കാം. പലരും ഈ ശീലങ്ങള്‍ അപകടകരമാണെന്ന് ഉള്‍ക്കൊള്ളുന്നില്ല എന്നാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
ചില തൊണ്ടയിലെ കാന്‍സറുകളെ ഹ്യുമന്‍ പാപ്പിലോമ വൈറസ് അണുബാധയുമായി (HPV) ഡോക്ടര്‍മാര്‍ ബന്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍. മാത്രമല്ല ജീവിത ശൈലിയും രോഗത്തിലേക്ക് നയിക്കുന്നുണ്ട്. നീണ്ട ജോലി സമയം, മോശം ഉറക്കം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, വ്യായാമത്തിന്റെ കുറവ്,സമ്മര്‍ദ്ദം ഇവയെല്ലാം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ആളുകള്‍ അവഗണിക്കുന്ന ലക്ഷണങ്ങള്‍
വായ്പ്പുണ്ണ് ഉണ്ടാവുകയും അത് ഉണങ്ങാതെയിരിക്കകയും ചെയ്യുക.
ശബ്ദം പരുക്കനായി മാറുക
വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
കഴുത്തിലെ മുഴകള്‍
രക്തസ്രാവം, മരവിപ്പ്
പലരും ഈ ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. സ്വയം മാറുമെന്ന് കരുതി തള്ളിക്കളയുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.








