സംസ്ഥാന സര്‍ക്കാര്‍ അഞ്ചു വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററിയും കോഫിടേബിള്‍ പുസ്തകവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന വയനാട് പാക്കേജ് പ്രഖ്യാപന ചടങ്ങിലായിരുന്നു പ്രകാശനം.
ഇനിയും മുന്നോട്ട് എന്ന ബാനറില്‍- നിറമുള്ള ഗോത്രജീവിതം, അതുല്യം ആതുരാലയങ്ങള്‍, സഫലം വീടെന്ന സ്വപ്നം, കൃഷിയിടങ്ങള്‍ പുതിയഗാഥകള്‍, സുശക്തം പട്ടിണിയില്ലാത്ത നാട്, കാലം മാറി നാടെങ്ങും വികസനം, പ്രതീക്ഷകളുടെ പൂക്കാലം, സഞ്ചാരികളെ വയനാട് കാണാം, കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ വേഗത്തില്‍ എന്നിങ്ങനെ 9 ഹ്രസ്വ ചിത്രങ്ങള്‍ അടങ്ങിയതാണു ഡോക്യുമെന്ററി.
മുഖം മിനുക്കിയ വയനാട്ടിലെ വിനോദ കേന്ദ്രങ്ങളും ആദിവാസി വീടുകളും റോഡുകളും വിദ്യാലയങ്ങളും അടക്കം നൂറോളം ബഹുവര്‍ണ്ണചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഫി ടേബിള്‍ ബുക്ക്. ജില്ലയുടെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു വരുന്നു.
ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.