കണ്ണൂർ:പാനൂരിൽ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. പാനൂർ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാർഥിയെ ജിനീഷ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ആദ്യം വിദ്യാർഥിയുടെ മുഖത്തടിച്ച ഇയാൾ പിന്നീട് തുടർച്ചയായി അടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്തായിരുന്നു മർദനം.
അതേസമയം, വിദ്യാർഥിയെ ആളുമാറി മർദിച്ചെന്നാണ് ഓട്ടോ ഡ്രൈവർ പിന്നീട് പറഞ്ഞത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പാനൂർ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. എന്തുവന്നാലും പരാതിയിൽനിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.