ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പത്ത് മന്ത്രാലയങ്ങളിലെ 50 ശതമാനത്തോളം സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഒ ബി സി, എസ് സി , എസ് ടി വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി സംവരണം ചെയ്യപ്പെട്ട സംവരണ തസ്തികകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നികത്താതെ ഒഴിഞ്ഞു കിടക്കുന്നു. പേഴ്‌സനല്‍ ആന്‍ഡ് ലോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റെയില്‍വേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും കൂടുതല്‍ സംവരണ ഒഴിവുകള്‍ നികത്താതെ കിടക്കുന്നത്.രണ്ട് മന്ത്രാലയങ്ങളില്‍ മാത്രം 50 ശതമാനത്തിലധികം സംവരണ തസ്തികകള്‍ നികത്താതെ കിടക്കുന്നുണ്ട്. റെയില്‍വേയില്‍ ഒ ബി സി, എസ് സി, എസ് ടി സംവരണ തസ്തികകള്‍ 29,541 ആണ് . ഇതില്‍ 17,769 തസ്തികകള്‍ നികത്തിയിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മേഖലകളിലെ സംവരണ തസ്തികകള്‍ 30,943 ആണ്. ഇതില്‍ 17,493 എണ്ണം ഇപ്പോഴും നികത്താതെ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തില്‍ ഒ ബി സി, എസ് സി വിഭാഗങ്ങളുടെ തസ്തികയേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ് കിടക്കുന്ന പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പോസ്റ്റുകളാണ്. ധനമന്ത്രാലയത്തിന് കീഴിയിലുള്ള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ 70 ശതമാനത്തോളം സംവരണ തസ്തികകള്‍ നികത്തിയിട്ടില്ല. ഇവിടെ ആകെയുള്ള 10,921 പോസ്റ്റുകളില്‍ 7,040 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
ഹൗസിംഗ് അര്‍ബന്‍ മന്ത്രാലയത്തില്‍ ആകെയുള്ള 1,251സംവരണ പോസ്റ്റുകളില്‍ 555 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. അതേസമയം, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് പ്രൊഡക്‌ഷന്‍ ഡിപാര്‍ട്ട്മെന്റിലാണ് ഏറ്റവും കൂടുതല്‍ സംവരണ ഒഴിവുകള്‍ നികത്തപ്പെട്ടിട്ടുള്ളത്. ആകെയുള്ള 20,648 സംവരണ ഒഴിവുകളില്‍ 16,621 എണ്ണം ഇവിടെ നികത്തിയിട്ടുണ്ട്.
രാജ്യത്തെ 90 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും 16 മന്ത്രാലയങ്ങള്‍ക്ക് കീഴിയിലായാണ് ജോലി ചെയ്യുന്നത്. ഇതില്‍ 10 മന്ത്രാലയങ്ങള്‍ മാത്രമാണ് സംവരണ തസ്തികകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളത്. ആറ് മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതില്‍ കമ്മിറ്റിക്ക് ശക്തമായ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും സംവരണ തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്നും ഇവ വേഗത്തില്‍ നികത്തണമെന്നും കമ്മിറ്റി പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രത്യേക റിക്രൂട്ട്‌മെന്റുകള്‍ വഴി ഒഴിവുകള്‍ നികത്താന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചതായി പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ടാണ് കൃത്യസമയങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പോകുന്നതെന്നു കണ്ടെത്താന്‍ പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.








