ഓൺലൈൻ ഗെയിം കളിക്കുന്നതിനായി പതിനൊന്നു വയസ്സുകാരൻ ചങ്ങരംകുളം സ്വദേശി നാല് മാസം കൊണ്ട് റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്.
വീട്ടിൽ നിന്നും പണം നഷ്ടപ്പെടുന്നത് പതിവായതോടെയാണ് വീട്ടിലെ മൊബൈലിൽ 11 വയസ്സുകാരൻ നിരന്തരം റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
സംഭവം അറിഞ്ഞയുടൻ കുട്ടിയുടെ വീട്ടുകാർ മൊബൈൽ ഷോപ്പിന് മുന്നിലെത്തി ജീവനക്കാരനെ ശകാരിച്ചു. വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സുഹൃത്തുക്കളെ ഏൽപ്പിച്ച് റീചാർജ് ചെയ്യുക എന്നതായിരുന്നു കുട്ടിയുടെ രീതി.
പത്തും പതിനഞ്ചും പേർ ഒന്നിച്ചാണ് ഇത്രയും വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നതെന്നും, എല്ലാവരും ഒന്നിച്ചാണ് ഗെയിം കളിച്ചിരുന്നതെന്നും ജീവനക്കാരൻ പറഞ്ഞു.
വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. ജീവനക്കാരനുമായുള്ള ബഹളം സംഘർഷാവസ്ഥയിൽ എത്തിയതോടെ ചങ്ങരംകുളം സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.
കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്നും, വീട്ടുകാർ ജാഗ്രത പുലർത്തണമെന്നും പോലീസ് പറഞ്ഞു. അമിതമായ തുകയ്ക്ക് കുട്ടികൾ റീചാർജ്ജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ തങ്ങളെ അറിയിക്കണമെന്ന് ജീവനക്കാർക്കും പോലീസ് നിർദ്ദേശം നൽകി.