കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്റ് എക്സപ്ലോസീന് സേഫ്റ്റി ഓര്ഗനൈസേഷന് ( പെസോ).പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്നാണ് കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത സജ്ജമാക്കിയത്.
കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് പറഞ്ഞു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം തുടരാനാണ് തീരുമാനം. നിലവില്‍ ദിവസം 204 ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടണ്‍ മെഡിക്കല്‍ ഓക്സിജനേ ആവശ്യമുള്ളൂ.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ രണ്ട് വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് ഈ നേട്ടത്തിനു കാരണമായത്. ഒരു വര്‍ഷത്തിലേറെ നീണ്ട ആസൂത്രണപ്രവര്‍ത്തനങ്ങളാണ് ഇതിനായി പെസോയും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയത്.
2020 മാര്‍ച്ച് 23 ന് ഓക്സിജന്‍ പ്ലാന്റുകളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് പെസോ വിളിച്ചു. കേരളത്തിലുള്ള 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഓക്സിജന്‍ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും അവരെ ബോധ്യപ്പെടുത്തി.
അങ്ങനെ ഓക്സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ആവശ്യമായ യന്ത്രഭാഗങ്ങള്‍ എത്തിക്കാനായില്ല. പെസോ ഇതിനു മുന്‍കൈയെടുക്കുകയും ആവശ്യമായ യന്ത്ര ഭാഗങ്ങള്‍ ചെന്നൈയില്‍ നിന്നും ഏത്തിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചു തുടങ്ങി.
ഓക്സിജന്‍ ഉല്പാദനം വിതരണം എന്നിവയുടെ ചുമതല പെസോയുടെ നോഡല്‍ ഓഫീസര്‍ക്കും ഓക്സിജന്‍ അളവിന്റെ ഡാറ്റ സംബന്ധിച്ച ചുമതല ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസര്‍ക്കും നല്കി. ആരോഗ്യവകുപ്പ് ദിവസേന ഓക്സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പെസോയ്ക്ക് കൈമാറി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്സിജന്‍ സിലിണ്ടര്‍ സപ്ലൈയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി. നൈട്രജന്‍ സിലിണ്ടറുകളെയും ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റി.