തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സി പി എം നേടിയത് ഐതിഹാസിക വിജയമെന്ന് ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിന്റെ സമഗ്രവികസനത്തെ തുരങ്കം വയ്‌ക്കാനുളള നടപടികൾക്ക് ജനം മറുപടി നൽകി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ തകർച്ച വർദ്ധിപ്പിക്കുന്നതാണ്. എവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. തുടർഭരണത്തിനെ തടയാൻ വിമോചന സമരശക്തികൾ ശ്രമിച്ചെന്നും വിജയരാഘവൻ പറഞ്ഞു.
മേയ് ഏഴാം തീയതി വിജയദിനമായി ആചരിക്കാൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. തെരുവിൽ വിജയ ആഹ്ലാദ പരിപാടികൾ സംഘടിപ്പിക്കില്ല. പകരം അന്നു വൈകിട്ട് ഏഴ് മണിയ്‌ക്ക് വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ദീപശിഖ തെളിയിച്ച് വിജയത്തിന്റെ മധുരം പങ്കിടണം. എല്ലാവരുടേയും വീടുകളിൽ പ്രകാശം നിറഞ്ഞ വിജയാഹ്ലാദം പങ്കുവയ്‌ക്കാനാണ് തീരുമാനം. കേരളത്തിൽ ഇത് വിപുലമായി നടത്തണമെന്നാണ് അഭ്യർത്ഥനയെന്നും വിജയരാഘവൻ പറഞ്ഞു.