ചെന്നൈ: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെയ് 10 മുതൽ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകൾക്ക് 12 മണി വരെ പ്രവർത്തിക്കാം. മറ്റ് കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
സമ്പൂർണ്ണ ലോക്ഡൗൺ സമയത്ത്, അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. പെട്രോൾ, ഡീസൽ പമ്പുകൾ തുറന്നു പ്രവർത്തിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പന ശാലകൾ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സൽ സേവനങ്ങൾക്കായി മാത്രം റെസ്റ്റോറന്റുകൾ തുറക്കാൻ അനുവദിക്കും.
അവശ്യ സർവീസിൽപ്പെടാത്ത എല്ലാ സർക്കാർ സേവനങ്ങളും പ്രവർത്തനം നിർത്തും. എന്നാൽ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്നിരക്ഷാസേന, ജയിൽ, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകൾ പ്രവർത്തിക്കും.
സിനിമാശാലകൾ, മൾട്ടിപ്ലക്സുകൾ, തിയേറ്ററുകൾ, ജിമ്മുകൾ, വിനോദ ക്ലബ്ബുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, മീറ്റിംഗ് ഹാളുകൾ തുടങ്ങിയവയ്ക്ക് എർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും.തമിഴ്നാട്ടിൽ ഇന്നലെ 26,465 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,23,965 ആയി ഉയർന്നു. 197 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം മരിച്ചത്. ആകെ മരണസംഖ്യ 15,171 ആണ്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,35,355 ആയി ഉയർന്നു. ഇതിൽ 3000-ത്തോളം പേർ 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും അധികൃതർ അറിയിച്ചു.