തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോർജ്ജ്. കെ.കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും.
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാർട്ടിയുടെ തീരുമാനമാണ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണ.വകുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെന്നും വീണാ ജോർജ്ജ് പ്രതികരിച്ചു.
മാധ്യമ പ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി.
ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.