വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെ ടിക്കറ്റുകള്‍ ലഭ്യമാണ്.
വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ, ആസ്റ്റര്‍, ഡയാന്തസ്, മാരിഗോള്‍ഡ്, സണ്‍ഫ്‌ളവര്‍, സീനിയ, കോസ്‌മോസ്, ഫ്‌ലോക്‌സ്സ്, ലിലിയം, പാന്‍സി, സാല്‍വിയ, വെര്‍ബിന, ഗോംഫ്രീന, സ്റ്റോക്ക്, കലന്‍ഡുല, പൈറോസ്റ്റിജിയ തുടങ്ങിയ പുഷ്പങ്ങളും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാര ചെടികളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.വിവിധ പുഷ്പാലങ്കാര മാതൃകകള്‍, ഫ്‌ലോറല്‍ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികള്‍, ഫ്‌ലോട്ടിങ് ഗാര്‍ഡന്‍, മെലസ്റ്റോമ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, വിവിധതരം റൈഡുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.മലയോര മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തി വിദഗ്ദ്ധര്‍ നയിക്കുന്ന കാര്‍ഷിക ശില്പശാലകള്‍, സെമിനാറുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
നൂതന സാങ്കേതിക വിദ്യകള്‍, മികച്ചയിനം നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശന, വിപണന മേളയും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, പ്രമുഖ കര്‍ഷകര്‍ എന്നിവരുടെ സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. പൂപ്പൊലിയുടെ ഭാഗമായി സായാഹ്നങ്ങളില്‍ ദീപാലങ്കാരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. https://linktr.ee/pooppoli2026 ല്‍ ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.








