ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന നാല് ജില്ലകളിൽ നിന്നും ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടും മലപ്പുറം ജില്ലയിൽ നിന്നും ഒഴിവാക്കത്തതിന്റെ കാരണം ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ്. സംസ്ഥാന ശരാശരിയേക്കാളും ഉയർന്നാണ് ഇപ്പോൾ ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നിൽക്കുന്നത്.
കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ മുന്നറിയിപ്പ് നൽകിയിട്ടും ആളുകളുടെ കൂട്ടത്തോടെയുള്ള ലോക്ക്ഡൗൺ ലംഘനങ്ങളും നിയന്ത്രങ്ങൾ കടുപ്പിക്കാൻ കാരണമായിട്ടുണ്ട്.
ജില്ലയിൽ പലരും അനാവശ്യമായാണ് റോഡില്‍ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും, നിലവിലെ അവസ്ഥ തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം,കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.
രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നുണ്ടെങ്കിലും ജില്ലയിലെ കൊവിഡ് ആശുപത്രികളും, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും അപര്യാപ്തമാണെന്നും അവ വർധിപ്പിക്കാനുള്ള നീക്കം അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപെടുന്നത്.