സൂററ്റ്: സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച ശേഷം ഇതിലൂടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍.
ഗുജറാത്ത് സൂററ്റ് സ്വദേശിനിയും ബിരുദാനന്തര ബിരുദധാരിയുമായ 29 കാരിയാണ് അറസ്റ്റിലായത്. തന്നില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിന്‍റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതി നിരവധി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതിലൂടെയാണ് ഭര്‍ത്താവിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
അകന്നു കഴിയുന്നത്തില്‍ ഭര്‍ത്താവിനോടുള്ള പ്രതികാരമായാണ് യുവതി ഇത്തരത്തില്‍ ചെയ്തതെന്നാണ് പൊലീസിനോട് പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വസ്ത്ര വ്യാപാരിയുമായി ഇവരുടെ വിവാഹം നടന്നത്.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയും, തുടര്‍ന്ന് വേര്‍പിരിഞ്ഞ് കഴിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഇതിന് പിന്നെലായാണ് സോഷ്യല്‍ മീഡിയ വഴി ഭര്‍ത്താവിനെ അപമാനിക്കാന്‍ യുവതി തീരുമാനിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 22 നാണ് ഇവരുടെ ഭര്‍ത്താവായിരുന്ന വ്യവസായി പരാതിയുമായി സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭാര്യ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് തെളിയുകയായിരുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ അപകീര്‍ത്തിപ്പെടുത്തല്‍ അടക്കം നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.