കൊവിഡ് 19 രണ്ടാം തരംഗവുമായുള്ള പോരാട്ടത്തിലാണ് രാജ്യമിപ്പോഴും. പ്രതിദിന കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ തന്നെയാണ് അതത് സര്‍ക്കാരുകളുടെ നീക്കം. ഇതിനിടെ സൗജന്യ വാക്‌സിനേഷന്റെ കാര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതുവരെ 25 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകളാണിത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂന്ന് ലക്ഷത്തിലധികം ഡോസുകള്‍ കൂടി എത്തിച്ചേരുമെന്നും മന്ത്രാലയം അറിയിച്ചു.
മെയ് ഒന്നിനാണ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം രാജ്യത്ത് ആരംഭിച്ചത്. കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഏറെ രൂക്ഷമായ സാഹചര്യങ്ങളായിരുന്നു രണ്ടാം തരംഗം സൃഷ്ടിച്ചത്. ഇപ്പോള്‍ കൊവിഡ് പ്രതിസന്ധിക്ക് അല്‍പം അയവ് വന്നിരിക്കുന്നതിനാല്‍ ജനജീവിതത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും അയവ് വരാം. എന്നാലിത് തീവ്രമായ മൂന്നാം തരംഗത്തിലേക്ക് രാജ്യത്തെ നയിക്കരുത് എന്നതിനാലാണ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നത്.
നേരത്തേ രാജ്യത്തെ പതിനെട്ട് വയസിന് മുകളില്‍ പ്രായം വരുന്ന എല്ലാ പൗരര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ജൂണ്‍ 21 മുതലാണ് ഇത് ആരംഭിക്കുക.