തിരുവനന്തപുരം:കോടികളുടെ അഴിമതി കുമിയുന്ന മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കു കൂടി പങ്കുള്ള മരംകൊള്ളയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസിനെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈം ബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്‍സ് വിഭാഗത്തിലെ ഉന്നതരായിരിക്കും കേസ് അന്വേഷിക്കുക. എന്നാല്‍ ഇവര്‍ ആരൊക്കെയെന്നു മുഖ്യമന്ത്രി പറഞ്ഞില്ല. ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി, മുഖ്യമന്ത്രി ആരെയാണു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചോദിച്ചു.
അതിനിടെ, മുട്ടില്‍മരംമുറി കേസില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നു പിന്‍വലിച്ചു. വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ധനീഷ് കുമാറിനെയാണു അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കി സ്ഥലം മാറ്റിയത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ധനീഷെന്നും അദ്ദേഹത്തെ ഒഴിവാക്കിയത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു