മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 14 ദിവസം ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ തുടരാനാണ് സംസ്ഥാന തീരുമാനം.
യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്‌ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ല എന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ പിന്നാലെ ചില സംസ്ഥാനങ്ങള്‍ ക്വാറന്റീന്‍ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്‌തെങ്കിലും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ക്വാറന്റീനില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് കേരളത്തിലെ തീരുമാനം. ഇതരസംസ്ഥാനങ്ങളില്‍ ഹൃസ്വ സന്ദര്‍ശനം നടത്തി മടങ്ങുന്നവരും ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണം.