സുൽത്താൻ ബത്തേരി: മഹാമാരിയുടെ ഈ വർത്തമാനകാലത്തും ഓണത്തിന്റെ ഓർമ്മകളും സന്ദേശങ്ങളും ഏറെ പ്രസക്തമാണെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി. ഒരു കുഞ്ഞുവൈറസിനെ തുരത്താൻ മാനവരെല്ലാം ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടി വന്നിരിക്കുന്നു. ധനികനെന്നൊ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ജാതിയൊ മതമോ ദേശമോ ഭാഷയോ പരിഗണിക്കാതെ സർവ്വ ജനങ്ങളും ഒരേ നിലപാട് സ്വീകരിക്കേണ്ടി വന്നിരിക്കുന്ന കാലമാണിത്.
ഓണം ഒരുമയുടെ സന്ദേശമാണ്. അതിജീവനത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും അദ്ധേഹം പ്രത്യാശിച്ചു.ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച വെർച്വൽ ഓണാഘോഷ പരിപാടിയിൽ ഓണ സന്ദേശം നൽകുകയായിരുന്നു അദ്ധേഹം.
വിദ്യാർത്ഥികളും രക്ഷിതാക്കളും വീട്ടുകാരുമെല്ലാം ഓൺലൈനിൽ തത്സമയം പങ്കെടുത്ത ഓണാഘോഷ സംഗമം ഐ സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ സമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ദീപ ദെച്ചമ്മ ,പി.ടി.എ പ്രസിണ്ടൻറ് ഷാഹുൽ ഹമീദ്, അഭിക, മെർസിഹ സിംറ, അയ്ന കെ.എം എന്നിവർ സംസാരിച്ചു. മഹാബലി വേഷത്തിൽ ലഹാൻ എല്ലാവർക്കും അഭിവാദ്യമർപ്പിച്ചു.
നാടൻ പാട്ടുകൾ, നൃത്തങ്ങൾ, ഏകാഭിനയങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും മുത്തച്ചൻമാരോടൊപ്പള്ള ഓണം ഓർമ്മകളും അവതരിപ്പിച്ചു.
ഫാത്വിമ നൈറ സ്വാഗതവും ഹുദ ഫാത്വിമ നന്ദിയും പറഞ്ഞു.