കോഴിക്കോട്: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തില്‍ ലോക വമ്പന്‍മാരായ ബ്രസീലിനെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് കാമറൂണ്‍. ഇഞ്ചുറി ടൈമില്‍ ഹെഡറിലൂടെ ബ്രസീലിന്റെ ഗോള്‍വല കുലുക്കിയ കാമറൂണ്‍ നായകന്‍ വിന്‍സെന്റ് അബൂബക്കറാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ചര്‍ച്ചാവേദികളിലെ താരം. ഇതിനിടെ വിന്‍സെന്റ് അബൂബക്കര്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനടക്കം കേരളത്തിലെ ക്ലബ്ബുകളില്‍ കളിച്ചിരുന്നുവെന്ന പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം നടത്തുന്നത്.
എന്നാല്‍ ഇത് നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതര്‍. വിന്‍സെന്റ് അബൂബക്കര്‍ തങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ലെന്ന് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജര്‍ അഷ്‌റഫ് ബാവുക്ക പറഞ്ഞു.
‘ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിന്‍സെന്റ് അബൂബക്കര്‍ ഞങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവന്‍സ്
ഫുട്‌ബോള്‍ കോര്‍ഡിനേഷനുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. കേരളത്തിലെവിടേയും ഇയാള്‍ കളിച്ചതായി വിവരമില്ല. ഫുട്‌ബോളിന്റെ പേരില്‍ അത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ അഷ്‌റഫ് പറഞ്ഞു.
ബ്രസീലിനെതിരെ വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഏക ഗോളിനാണ് കാമറൂണ്‍ അട്ടിമറി ജയം നേടിയത്. ഗോളടിച്ചതിന് പിന്നാലെ ജേഴ്സിയൂരിയതോടെ രണ്ടാം മഞ്ഞകാര്‍ഡും അതുവഴി ചുവപ്പുകാര്‍ഡും കണ്ട അബൂബക്കറിന് പുറത്ത് പോകേണ്ടി വന്നിരുന്നു.