പിണങ്ങോട്: അന്താരാഷ്ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ച് പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിനു വേണ്ടി നിസ്തുലമായ സേവനം ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷമീം പാറക്കണ്ടിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എൻ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ പി അൻവർ ഉദ്ഘാടനം ചെയ്തു.
പെയിൻ & പാലിയേറ്റീവ് രംഗത്തും രക്തദാനം അടക്കമുള്ള മറ്റു ജീവകാരുണ്യ മേഖലകളിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹത്തിൻറെ സേവനമനസ്സോടെയുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ ഒരു പുരസ്കാരം. പ്രളയ കാലത്തും കോവിഡിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇദ്ദേഹം നിലവിൽ തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പ്രസിഡണ്ട്, പീസ് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ജി എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട്, വ്യാപാരി യൂത്ത് വിംഗ് കാവുമന്ദം യൂണിറ്റ് പ്രസിഡണ്ട്, കെ ആർ എഫ് എ കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള നിരവധി ചുമതലകളിൽ പ്രവർത്തിച്ച് വരുന്നുണ്ട് ഇദ്ദേഹം. വയനാട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റായ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ, വളണ്ടിയർ ദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് നാസർ കാദിരി, ലത്തീഫ് പുനത്തിൽ, അജ്മൽ സാദിഖ് എൻ, ലബീബ് പി കെ വോളന്റിയേഴ്‌സ് ആയ ആയിഷ നൂറ, ടി ആദിൽ, ടി സ്വാതിക തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് ചാർജ് ഓഫീസർ ഇസ്മയിൽ തോട്ടോളി സ്വാഗതവും എൻഎസ്എസ് ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.