അരീക്കോട്: ”മരിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. നെഞ്ച് വേദനയുള്ളതിനാല്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. കുറച്ച് സമയം ഉറങ്ങണം, എണിക്കുമ്പോള്‍ എല്ലാം സുഖപ്പെടും. നീ പ്രാര്‍ഥിക്കെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. പക്ഷെ, വിചാരിച്ചില്ല ഇനി ഉണരുകയില്ലെന്ന്..’ ഉള്ളംതേങ്ങിയാണ് ഫാത്തിമ മിന്‍ഹ സംസാരിച്ചത്.
ദു:ഖഭാരം തളംകെട്ടിനിന്ന കുനിയില്‍ കൊടവങ്ങാട്ടെ മൈതാനിയില്‍ ദേശീയ പതാക പുതച്ചുകിടന്ന പ്രിയതമനെ അവസാനമായി ഒരു നോക്കു കാണാന്‍ നവവധു എത്തിയപ്പോള്‍ തീരാനോവില്‍ ആയിരങ്ങള്‍ മൗനത്തിന്റെ ഗുഹയിലാണ്ടു. നുഫൈലിന്റെ നവവധു കൊടിയത്തൂര്‍ കുളങ്ങര സ്വദേശി ഫാത്തിമ മിന്‍ഹ ചില്ലുകൂട്ടിലൂടെ പ്രിയപ്പെട്ടവനെ കണ്ടു. മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ മൂന്ന് നാള്‍ അടക്കിപ്പിടിച്ച ഹൃദയവേദന തന്റെ പാതിയെ നേരില്‍ക്കണ്ടപ്പോള്‍ കണ്ണീര്‍മഴയായി. ഒന്നിച്ചുള്ള ജീവിതത്തിന്റെ ഇരുപത്തിനാലാം നാളാണ് വിധി നുഫൈലിനെ തട്ടിയെടുത്തത്.