മലപ്പുറം: നിലമ്പൂര്‍ മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുല്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാല്‍ അയല്‍ക്കാര്‍ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുല്‍ഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയില്‍ കണ്ടത്.
അതേസമയം, യുവതിയുടെ ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനാലാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയത്.
ഷെമീര്‍-സുല്‍ഫത്ത് ദമ്പതിമാര്‍ക്ക് രണ്ടുമക്കളാണുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)