ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.
നൈജീരിയൻ പൗരനായ അബ്ദുള്ള(60) എന്ന യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയിൽ ലാന്‍ഡ് ചെയ്തത്.
യാത്രക്കാരന് വൈദ്യ സഹായം നൽകുന്നതിന് വേണ്ടിയാണ് പാകിസ്ഥാനിലേക്ക് വിമാനം വഴി തിരിച്ചുവിട്ടത്. ഇന്‍ഡിഗോ 6E1736 വിമാനമാണ് പാകിസ്ഥാനിൽ അടിയന്തിരമായി ഇറങ്ങിയത്. വൈദ്യസഹായം ഉറപ്പാക്കുന്നതിന് മുമ്പ് തന്നെ അബ്ദുള്ള മരിച്ചതായി ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ യാത്രക്കാരന്റെ ആരോഗ്യ നില യാത്രാമധ്യേ വഷളാവുകയായിരുന്നു.
തുടര്‍ന്ന്, അടിയന്തിര വൈദ്യ സഹായത്തിനായി കറാച്ചി വിമാനത്താവളത്തിലിറക്കി എന്ന് കറാച്ചി സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനായി ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് കറാച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതി തേടിയിരുന്നു.
അനുമതി ലഭിച്ചയുടൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വിമാനത്തിലെ മറ്റു യാത്രക്കാരെ മാറ്റുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി എയര്‍ലൈന്‍ അറിയിച്ചു.
പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷ്ണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ഇസ്ലാമാബാദ് എന്‍ഐഎച്ച് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ മരിച്ച യാത്രക്കാരൻ്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.








