താത്കാലിക രജിസ്‌ട്രേഷന്‍ (ടി.പി.) നമ്പറുമായി വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പ്. 2019-ലെ മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം പെര്‍മനെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഹൈസെക്യൂരിറ്റി നമ്പര്‍പ്ലേറ്റില്‍ എഴുതിയാണ് ഡീലേഴ്‌സ് വാഹനങ്ങള്‍ ഉപയോക്താവിന് നല്‍കിയിരുന്നത്.
ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ രണ്ടുമാസം കാത്തിരിക്കേണ്ടിവന്ന എറണാകുളം സ്വദേശിനി ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആര്‍.ടി.ഒ.യുടെപേരിലായിരുന്നു പരാതി. വാഹനം വിട്ടുനല്‍കാന്‍ 2022 നവംബറില്‍ കോടതി ഇടക്കാല ഉത്തരവിട്ടു. തുടര്‍ന്നാണ് ടി.പി. നമ്പര്‍ പ്രദര്‍ശിപ്പിച്ച് വാഹനം നിരത്തിലിറക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതിനല്‍കിയത്.
നിര്‍ദേശം നല്‍കിയിട്ടുണ്ട്
ടി.പി. നമ്പര്‍ മാത്രംവെച്ച് വാഹനം ഉടമയ്ക്ക് കൈമാറാന്‍ പല വില്‍പ്പനക്കാരും തയ്യാറാകാറില്ല. ഇത് നിയമാനുസൃതമാണോയെന്ന് വ്യക്തമല്ലാത്തതും ടി.പി. നമ്പറിലുള്ള വാഹനങ്ങള്‍ ഓടുന്നതിനിടെ പിടികൂടിയാല്‍ വില്‍പ്പനക്കാരില്‍നിന്ന് പിഴയീടാക്കുമോയെന്ന പേടിയുമാണ് കാരണം. ടി.പി. നമ്പറോടുകൂടി വാഹനം നിരത്തിലിറക്കാന്‍ തടസ്സമില്ലെന്നത് എല്ലാ ആര്‍.ടി.ഒ.മാരെയും അറിയിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ടി.പി. നമ്പറില്‍ വാഹനം റോഡിലിറക്കുമ്പോള്‍
ശരിയായ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കുന്നതുപോലെ വേണം ടി.പി. നമ്പറും പ്രദര്‍ശിപ്പിക്കാന്‍. മഞ്ഞനിറത്തിലുളള പ്രതലത്തില്‍ ചുവന്ന നിറത്തില്‍വേണം നമ്പര്‍ എഴുതാന്‍. ഇങ്ങനെ ആറുമാസംവരെ വണ്ടി നിരത്തിലിറക്കാം.
നിയമത്തില്‍ മാറ്റംവരുന്നതുവരെ തുടരാം
2019-ലെ മോട്ടോര്‍ വാഹനവകുപ്പുനിയമഭേദഗതിയനുസരിച്ച്, താത്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുന്നതിനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. ഷാസി നമ്പര്‍വെച്ച് വാഹനത്തിന്റെ ബോഡി നിര്‍മിക്കുന്നതിനും ഒരു സംസ്ഥാനത്തുനിന്നുവാങ്ങുന്ന വാഹനം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്നതിനുംമാത്രമേ ടി.പി. അനുവദിക്കാവൂ.
അതുപോലെ ഒരു സംസ്ഥാനത്ത് വാങ്ങുന്ന വാഹനം അതേസംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്പര്‍ നല്‍കേണ്ടന്നാണ് കേന്ദ്രസര്‍ക്കാര്‍നിലപാട്. എന്നാല്‍, കേരളത്തില്‍ വാഹനം രജിസ്റ്റര്‍ചെയ്യാന്‍ ടി.പി. നമ്പര്‍ വേണം. ഇതു മാറ്റണമെങ്കില്‍ നിയമത്തില്‍ ഭേദഗതിവരുത്തണം. നിയമം മാറുന്നതോടെ വാഹനം രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്പര്‍ ആവശ്യമില്ലാതാകും. – ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓഫീസ്, കേരളാ മോട്ടാര്‍വാഹനവകുപ്പ്, തിരുവനന്തപുരം