വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി
ഡിവിഷനിൽ യോഗ പഠനം പൂർത്തിയാക്കിയവർക്കുള്ള മൈസൂർ ഉല്ലാസയാത്ര ശ്രദ്ധേയമായി.
പാലിയണ നെഹ്‌റു ഗ്രന്ഥാലയവും ആൾട്ട് അഡ്വെഞ്ചർ ഇന്റഗ്രേറ്റഡ് സർവീസുമായി സഹകരിച്ച് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് യാത്രസംഘടിപ്പിച്ചത്.
പാലിയണയിൽ വെച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത ആരംഭിച്ച യാത്ര മൈസൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു.
ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ “ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ ” എന്നറിയപ്പെടുന്ന മൃഗശാല യാത്ര സംഘം സന്ദർശിച്ചു.
വയനാടുകാരായതിനാൽ ആനയേയും , മാനിനേയും കാട്ടു പോത്തിനേയും കടുവയെയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും സിംഹവും ജിറാഫും കണ്ടാമൃഗവും ,സീബ്ര യുമൊക്കെ വയോജനങൾക്ക് വിസ്മയമായി മാറി.
മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന അംബാ വിലാസ് കൊട്ടാരവും സന്ദർശിച്ചു.ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമാണിത്.പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുന്ന മൈസൂർ കൊട്ടാരത്തിലെ കാഴ്ചകൾ വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി.
വെളുത്ത മയിലും കൊക്കുകളും, വേഴാമ്പലും ഒട്ടകപക്ഷിയും ഇങ്ങനെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേതടക്കം ഒട്ടുമിക്ക പക്ഷികളേയും കാണാനായ സന്തോഷത്തിലാണ് സംഘം.സിംഹം, കടുവ, പുലി ജിറാഫ് ,കണ്ടാമൃഗം ഹിപ്പോ,സീബ്ര, ഒട്ടകം ആഫ്രിക്കൻ ആനകൾ ചിമ്പാൻസി ഗോറില്ല ,ഉൾപ്പെടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ, അനാക്കോണ്ട ഉൾപ്പെടെയുളള ഉരഗവർഗങ്ങൾ , ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവർഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളിൽ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വർഗ്ഗങ്ങളെയുമൊക്കെ കാണാൻ സാധിച്ചതിന്റെ ആഹ്ലാദവും സന്തോഷവും യാത്ര സംഘം പരസ്പരം പങ്കുവെച്ചു.
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ കീഴിൽ ആദ്യമായിട്ടാണ് കേരളത്തിൽ പൊതുജനങ്ങൾക്ക് ഇത്തരത്തിലൊരു പിക്നിക് സംഘടിപ്പിക്കുന്നത്.
മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന അംബാ വിലാസ് കൊട്ടാരാങ്കണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണന്റെ അധ്യക്ഷതയിൽ വയോജന ഗ്രാമസഭയും ചേർന്നു.
രാജഭരണ കാലവും ആധുനിക ജനാധിപത്യവുമടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.
ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട മൈസൂർ കൊട്ടാരത്തിലെ കാഴ്ചകളോടൊപ്പം യാത്ര സംഘത്തിന് കൊട്ടാരം മുറ്റത്തെ ഗ്രാമസഭയും വേറിട്ട അനുഭവമായി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള വൈവിധ്യങ്ങളായ പരിപാടികളിൽ ഏറ്റവും ഒടുവിലെ ശ്രദ്ധേയമായ ഒന്നാണ് ഈ വയോജന ഉല്ലാസ യാത്രയും.
ചാമുണ്ഡി കുന്നുകളുടെ കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ചാമുണ്ഡീ ദേവിയുടെ പേരിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രവും
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പള്ളികളിൽ ഒന്നായ,ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട മൈസൂർ സെന്റ് ഫിലോമിനാസ് ദേവാലയവും ടിപ്പു സുൽത്താൻ ചരിത്ര ഭൂമിയുമൊക്കെ സ്പർശിച്ചു നടത്തിയ വിനോദയാത്ര സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും
മതനിരപേക്ഷതയുടെയുമെല്ലാം ഉദാത്ത സന്ദേശങ്ങൾ ഉയർത്തി പിടിക്കുന്ന ഒന്നായിരുന്നുവെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
നെഹ്‌റു ലൈബ്രറി പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സുമേഷ് പാലിയണ,ഷമീം വെട്ടൻ, എ.രാജീവൻ, സച്ചിദാനന്ദൻ. എ, സിസിലി വർഗീസ്, ശാന്തകുമാരി. കെ, യൂസുഫ്. ഇ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.