മണിപ്പൂരിൽ ഒരു മാസത്തിലേറെയായി നടന്നുവരുന്ന വംശീയ അക്രമത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. മേയ് മൂന്നാം തീയതി, മണിപ്പൂരിലെ മലയോര ജില്ലകളിൽ മെയ്തേയ് സമുദായത്തിന് പട്ടിക വർഗ (എസ്ടി) പദവി അനുവദിച്ചതിൽ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിനെത്തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജാതി, മത, വർണ്ണ, വംശീയ വിവേചനങ്ങൾക്കതീതമായി, സ്നേഹത്തിലും ഐക്യത്തിലും ജീവിച്ച ഒരു സമൂഹം ഇന്ന് വിഘടനത്തിന്റെ പാതയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ സാധിക്കാത്തവിധം കലാപം തീപോലെ പടർന്നു പിടിക്കുകയാണ്. സ്വാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി യാഥാർത്ഥ്യങ്ങളെ മൂടിവെച്ച്, എരിയുന്ന തീയിൽ എണ്ണ പകരുന്ന ഗൂഢശക്തികളുടെ മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല എന്നത് ഏറെ ആശങ്കാജനകമാണ്. കലാപത്തിനിടെ ക്രൈസ്തവരെയും ക്രൈസ്തവ ദേവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിധേയമായിട്ടാണെന്നത് വ്യക്തമാണ്.
പ്രതിഷേധങ്ങൾ തുടർകഥയാകുമ്പോൾ ഓരോ ഇന്ത്യൻ പൗരനും എന്നപോലെ, മണിപ്പൂരിലെ കത്തിയമരുന്ന ഓരോ മനുഷ്യർക്കും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുളള അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. കലാപത്തിന് അറുതി വരുത്തുവാൻ ഇനിയും കാലവിളംബം വരുത്തുന്നത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
കെട്ടടങ്ങാത്ത മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധം അറിയിക്കുന്നു. മണിപ്പൂരിലെ ഓരോ സഹോദരങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനം പുനസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി പത്രപ്രസ്ഥാവനയിലൂടെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡൻ്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അറിയിച്ചു .