അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കൻ കര്‍ണാടക തീരപ്രദേശത്തിന് മുകളില്‍ ചക്രവാതച്ചുഴിയും തെക്ക് -പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴക്ക് കാരണം.
വടക്കൻ മധ്യപ്രദേശിന് മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ തുടരും. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നാം തീയ്യതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.