പ്രവാസി മലയാളികള്‍ക്ക് ഗുണകരം; വരുന്നൂ പുതിയ വിമാന സര്‍വീസ്, ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക.

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. വടക്കൻ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും നേരിട്ടുള്ള വിമാന സർവീസ് പ്രയോജനകരമാകുമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു.

അതേസമയം മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചു. വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുണ്ടാവുക.

നേരത്തെ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകള്‍ മാത്രമാണ് നടത്തുകയെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുള്ളത്. വ്യാഴാഴ്ച രണ്ട് സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ രണ്ടാം സര്‍വീസിനാണ് സമയത്തില്‍ മാറ്റമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 05.05ന് കോഴിക്കോടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വീസും ഉച്ചയ്ക്ക് 11.40ന് പുറപ്പെട്ട് വൈകിട്ട് 05.05ന് കോഴിക്കോടേത്തും. കോഴിക്കോട് നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്‌കറ്റിലേക്ക് സര്‍വീസുള്ളത്.

ശനി, വ്യാഴം ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് 8.10ന് പുറപ്പെടുന്ന വിമാനം 10.40ന് എത്തും. തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.50നാണ് മസ്‌കറ്റില്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 3.30ന് എത്തും. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങളും തുടരും.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.