815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്പനയ്ക്ക്

ന്യൂയോര്‍ക്ക്: 815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്‍പ്പനയ്ക്ക് വെച്ചതായി യു.എസ് സൈബര്‍ സുരക്ഷാസ്ഥാപനമായ റെസെക്യൂരിറ്റി. ഒക്ടോബര്‍ ഒന്‍പതിന് ഡാര്‍ക്ക് വെബ്ബില്‍ 80,000 ഡോളറിന് വിവരങ്ങള്‍ വില്‍ക്കാന്‍ ഒരു ഹാക്കര്‍ ശ്രമിച്ചതായി റെസെക്യൂരിറ്റി വെളിപ്പെടുത്തി.

ഹാക്ക് ചെയ്ത ഡാറ്റയില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ആധാറുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും വിശദാംശങ്ങളും പേരുവിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് റെസെക്യൂരിറ്റി പറഞ്ഞു.കമ്പനിയുടെ അന്വേഷണ വിഭാഗം ഹാക്കറെ ബന്ധപ്പെട്ടപ്പോള്‍ മുഴുവന്‍ ഡാറ്റ സെറ്റും 80,000 ഡോളറിന് വില്‍ക്കുമെന്ന് പറയുകയുമായിരുന്നു.

ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ വിശദാംശങ്ങളിലേക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന ഫോറങ്ങളിലെ ഒരു ത്രെഡില്‍ നിന്നും പി.ഡബ്ലൂ.എന്ന അപരനാമം ഉപയോഗിച്ച് ഒരു ഹാക്കര്‍ ഡാറ്റ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്, റെസെക്യൂരിറ്റി പറഞ്ഞു.

എന്നാല്‍ ഡാറ്റ എങ്ങനെയാണ് ലഭിച്ചത് എന്ന് പറയാന്‍ പി.ഡബ്ലൂ.എ0001 വിസമ്മതിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഓഫ് റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ഡാറ്റാ ബേസില്‍ നിന്നുമായിരിക്കണം ഡാറ്റ ചോര്‍ന്നത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ ഏജന്‍സികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

സൈബര്‍ കുറ്റവാളികള്‍ ഐ.സി.എം.ആറിനെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞവര്‍ഷം മാത്രം ഐ.സി.എം.ആര്‍ സെര്‍വറുകള്‍ 6000 തവണ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഡാറ്റ ചോര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ മുൻപും ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിരുന്നു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.