തായ്‍വാന്‍കാരി സിയാവോ യു എന്ന 20 കാരി ശുദ്ധജലം കുടിച്ച് മടുത്തപ്പോള്‍, അല്പം മധുമാകാമെന്ന് കരുതി ശീതളപാനീയത്തിലേക്ക് മാറി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ശക്തമായ വയറ് വേദനയെ തുടര്‍ന്ന് യുവതി ഡോക്ടറുടെ അടുത്ത് പോയി പരിശോധിച്ചു. അൾട്രാസൗണ്ട്, സിടി സ്കാൻ തുടങ്ങിയ പരിശോധനകള്‍ നടത്തിക്കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് ഡോക്ടര്‍മാരായിരുന്നു. സിയാവോ യുവിന്‍റെ വലത് വൃക്ക വീർത്തതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ 5 എംഎം മുതൽ 2 സെന്‍റീമീറ്റർ വരെ വലിപ്പമുള്ള കല്ലുകള്‍ വൃക്കയിലുണ്ടെന്ന് വ്യക്തമായി.
കല്ലുകള്‍ ആവിയില്‍ വേവിച്ച ബണ്ണുകള്‍ പോലെയാണ് കാണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കല്ലുകള്‍ അടിഞ്ഞ് കൂടിയാണ് വലത് വൃക്കയ്ക്ക് വീക്കമുണ്ടായത്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തപ്പോള്‍ ചെറുതും വലുതുമായി ഏതാണ്ട് 300 എണ്ണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശുദ്ധജലം കുടിക്കുന്നത് നിര്‍ത്തിയതിന് പിന്നാലെ താന്‍ ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, മദ്യം തുടങ്ങിയവ ധാരാളമായി കഴിച്ചിരുന്നതായും യുവതി ഡോക്ടര്‍മാരോട് പറഞ്ഞു.