പ്രണയത്തിൻറെ മനശാസ്ത്രം പഠിക്കണോ? കോഴ്സുമായി ചൈനീസ് സർവകലാശാല

യുവതീ യുവാക്കള്‍ക്ക് പ്രണയത്തിന്റെ മനഃശാസ്ത്രം പഠിക്കാൻ പുതിയ കോഴ്സുമായിചൈനീസ് സർവകലാശാല. ഈസ്റ്റ് ചൈന നോർമല്‍ യൂണിവേഴ്സിറ്റിയാണ് വിദ്യാർത്ഥികള്‍ക്കായി പുതിയ കോഴ്സ് അവതരിപ്പിച്ചത്. ബിരുദം പൂർത്തിയാക്കിയ ആർക്കും കോഴ്സില്‍ പ്രവേശനം നേടാം. എളുപ്പത്തില്‍ രണ്ട് അക്കാദമിക് ക്രെഡിറ്റ് നേടാൻ സാധിക്കുമെന്ന കാരണത്താല്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ കോഴ്സിന് ഏറെ പ്രചാരമുണ്ട്. 36 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം.

യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ജ്യോഗ്രഫിക് സയൻസിലെ പ്രൊഫസറായ ഗോങ് ലിയാണ് ആദ്യ ക്ലാസ്സുകള്‍ എടുത്തത് എന്നാല്‍ കോഴ്സില്‍ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിനികള്‍ക്ക് മുന്നില്‍ ഗോങ് ലി നടത്തിയ പരാമർശങ്ങള്‍ വിവാദമായിരുന്നു. ക്ലാസ്സ്‌ എടുക്കുന്നതിനിടെ ഗോങ് ലി നടത്തിയ ചില പ്രസ്താവനകളുടെ വീഡിയോകള്‍ വിദ്യാർത്ഥികള്‍ തന്നെ പുറത്ത് വിട്ടിരുന്നു. പ്രസവിക്കാനുള്ള തങ്ങളുടെ ആഗ്രഹം പെണ്‍കുട്ടികള്‍ ഉറക്കെ പറയണമെന്നും, ഒരു പുരുഷനെ സ്ത്രീയോട് കൂടുതല്‍ അടുപ്പിക്കുന്നത് പ്രസവിക്കാനുള്ള അവളുടെ കഴിവാണെന്നുമെല്ലാമുള്ള പരാമർശങ്ങള്‍ ഗോങ് ലി നടത്തിയിരുന്നു

പെണ്‍കുട്ടികള്‍ മേക്കപ്പ് ചെയ്യുന്നത് ആണ്‍കുട്ടികളെ ആകർഷിക്കുമെന്നും കൂടാതെ തങ്ങളുടെ ശരീരം സംരക്ഷിക്കുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വർധിപ്പിക്കുമെന്നും ഗോങ് ലി അഭിപ്രായപ്പെട്ടു. സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകള്‍ പങ്ക് വച്ചതോടെ വിദ്യാർത്ഥികളില്‍ നിന്നും കോഴിസിനെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പെണ്‍കുട്ടികളെ അവരുടെ ലൈംഗിക ആകർഷണം എങ്ങനെ വർധിപ്പിക്കാമെന്നാണ് കോഴ്സില്‍ പഠിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എളുപ്പത്തില്‍ ക്രെഡിറ്റുകള്‍ ലഭിക്കുന്നതിനാലാണ് പലരും കോഴ്സ് തിരഞ്ഞെടുക്കുന്നതെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. വിവാദങ്ങളെത്തുടർന്ന് കോഴ്സ് താത്കാലികമായി നിർത്തി വയ്ക്കുന്നതായി മാർച്ച്‌ 13 ന് സർവകലാശാല അറിയിച്ചു. ഭാവിയില്‍ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ ഓഫ് സൈക്കോളജി ആൻഡ് കൊഗ്നിറ്റീവ് സയൻസിലെ അധ്യാപകരായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.