ശരീരം തണുപ്പിക്കാൻ വസ്ത്രത്തിനുള്ളിൽ ഘടിപ്പിക്കാവുന്ന എസി: സോണി ഇലക്ട്രോണിക്സ് വിപണിയിൽ എത്തിച്ച ഇത്തരം ഒരു ഉപകരണത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

രാജ്യം കടുത്ത ചൂടിന്റെ പിടിയിലാണ്. പല പ്രദേശങ്ങളിലും താപനില അസഹനീയമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. പൊള്ളുന്ന ഈ കാലാവസ്ഥയില്‍ എ സി ഉപയോഗം വർധിച്ചിട്ടുണ്ട്. ഇതിനിടെ ഇലക്‌ട്രോണിക് ഉത്പന്ന നിർമാണ രംഗത്തെ ഭീമനായ സോണി ഹൈടെക് എയർകണ്ടീഷണറിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.

നിങ്ങളുടെ കഴുത്തിന് പിന്നില്‍ ഈ നൂതന ഉപകരണം ധരിക്കാം. ചുരുക്കിപറഞ്ഞാല്‍ ഷർട്ടിൻ്റെ പിൻഭാഗത്ത് തൂക്കിയിട്ട് ഈ കുഞ്ഞൻ എ സി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. യാത്രയിലും മറ്റും വേനല്‍ക്കാലത്ത് ആളുകള്‍ക്ക് ഈ ഗാഡ്ജെറ്റ് വളരെ ഉപയോഗപ്രദമാകും.

സവിശേഷതകള്‍: റിയോണ്‍ പോക്കറ്റ് 5 (Reon Pocket 5) എന്നാണ് സോണി ഈ എസിക്ക് പേരിട്ടിരിക്കുന്നത്. ഈ ഗാഡ്‌ജെറ്റിന് താപനിലയും ഈർപ്പവും കണ്ടെത്തുകയും ശരീരത്തിന് ആവശ്യമായ താപനില ക്രമീകരിക്കുകയും ചെയ്യുന്ന നിരവധി സെൻസറുകള്‍ ഉണ്ട്. ഇതിന് അഞ്ച് കൂളിംഗ് ലെവലുകള്‍ ഉണ്ട്. ഇവയില്‍ ഒന്ന് ചൂടുള്ള സാഹചര്യങ്ങള്‍ക്കും നാലെണ്ണം തണുത്ത പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

റിയോണ്‍ എസി നിയന്ത്രിക്കാൻ ആപ്പ് (Reon Pocket App) ഉപയോഗിക്കാം. ഈ ആപ്പ് ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ലഭ്യമാണ്. ബ്ലൂടൂത്ത് വഴി ആപ്പ് എസിയിലേക്ക് കണക്റ്റ് ചെയ്‌തിരിക്കുന്നു, അതിലൂടെ കൂളിംഗ് ലെവല്‍ ക്രമീകരിക്കാനാകും. ബാറ്ററിയിലാണ് എ സിയുടെ പ്രവർത്തനം. ഫുള്‍ ചാർജില്‍ 17 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്ബനി പറയുന്നത്.

വില: റിയോണ്‍ പോക്കറ്റ് 5 യൂറോപ്പില്‍ 139 പൗണ്ട് (ഏകദേശം 14,500 രൂപ) വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പോക്കറ്റ് എസിയുടെ പ്രീ-ഓർഡറുകള്‍ ആരംഭിച്ചു. വില്‍പ്പന മെയ് 15 മുതല്‍ ആരംഭിക്കും. സോണിയുടെ ഈ വെയറബിള്‍ എസി ഇന്ത്യയില്‍ എപ്പോള്‍ വില്‍പ്പനയ്‌ക്ക് ലഭിക്കുമെന്ന് നിലവില്‍ വ്യക്തമല്ല.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.