വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ രേണുരാജ്. മുട്ടില്‍ ഡബ്ലു.എം.ഒ കോളേജില്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ഷന്‍ ഏജന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. ഇതിനായി 24 ടേബിളുകള്‍ സജ്ജമാക്കും. റിട്ടേണിങ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. സര്‍വ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്യുന്നതിന് പത്ത് ടേബിളുകള്‍ സജ്ജമാക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിന് ഓരോ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ കീഴിലും 24 ടേബിളുകള്‍ ഒരുക്കും. സ്ഥാനാര്‍ഥിക്ക് ഓരോ ടേബിളുകളിലേക്കും ഓരോ ഏജന്റുമാരെ നിയോഗിക്കാം. സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റ്, സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാന്‍ കഴിയു. കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. കൗണ്ടിങ് ആരംഭിച്ചു കഴിഞ്ഞാല്‍ ഏജന്റുമാരെ പുറത്ത് പോകാന്‍ അനുവദിക്കുന്നതല്ല. എല്ലാവര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് ഗൗതം രാജ,് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*കൗണ്ടിങ് ഏജന്റ് പാസ്സിന് മെയ് 30 നകം അപേക്ഷിക്കണം*
കൗണ്ടിങ് ഏജന്റ് പാസ്സിനുള്ള അപേക്ഷ മെയ് 30 നകം ഫോറം 18 ല്‍ സ്ഥാനാര്‍ഥികളോ, രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരോ നല്‍കണം. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളിലേക്കുള്ള ഏജന്റുമാരുടെ പാസ്സിനുള്ള അപേക്ഷ റിട്ടേണിങ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. ഇവിഎം കൗണ്ടിങ് ടേബിളുകളിലേക്കുമുള്ള ഏജന്റുമാരുടെ പാസ്സിനുള്ള അപേക്ഷ ബന്ധപ്പെട്ട എആര്‍ഒമാര്‍ക്ക് നല്‍കണം. ഫോറം 18 ല്‍ അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോറം 18 അപേക്ഷയില്‍ ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ ഒപ്പ് വെക്കണം. ഫോറം 18 ന്റെ രണ്ട് കോപ്പികളാണ് നല്‍കേണ്ടത്.