മടക്കിമല മെഡിക്കൽ കോളേജ്: വയനാടിനെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി ആക്ഷൻ കമ്മിറ്റി

Advertisement
Featured Image

മുട്ടിൽ: മടക്കിമലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ സായാഹ്ന ധർണയും തെരുവുനാടകവും നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വയനാടിനെ അവഗണിക്കുകയാണെന്ന് ധർണയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാറുകളും കഴിഞ്ഞ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറും വയനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആവശ്യമായ പരിഗണന നൽകിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിച്ച വയനാട് മെഡിക്കൽ കോളേജ് പദ്ധതി പിന്നീട് പരിസ്ഥിതി റിപ്പോർട്ടിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നും ധർണയിൽ ആരോപണമുയർന്നു. ജിനചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമി മടക്കിമലയിൽ ലഭ്യമായിരിക്കെ, വീണ്ടും വയനാട്ടിൽ ഭൂമി അന്വേഷിക്കുന്നത് വയനാട്ടുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.

മടക്കിമല ഭൂമി വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതും മെഡിക്കൽ കോളേജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അനുയോജ്യവുമാണെന്നും, യാതൊരു വിധത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാതെ ഭൂമി സൗജന്യമായി ലഭിച്ചിട്ടും പദ്ധതി നടപ്പാക്കാത്തത് ദുരൂഹമാണെന്നും ധർണയിൽ സംസാരിച്ചവർ ആരോപിച്ചു.

വയനാട്ടിൽ ആരംഭിച്ച കാരാപ്പുഴ, ബാണാസുര, പൂഴിത്തോട് പദ്ധതികളുടെ അവസ്ഥപോലെ മടക്കിമല മെഡിക്കൽ കോളേജും ഉപേക്ഷിക്കപ്പെടുകയാണോ എന്ന ആശങ്കയും അവർ പങ്കുവെച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സമീപനമാണ് വയനാടിന്റെ കാര്യത്തിൽ ഇപ്പോൾ സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.

Advertisement

Related News