വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കണം: ജില്ലാ വികസന സമിതി യോഗം

Advertisement
Featured Image

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷനില്ലാത്ത സാഹചര്യത്തില്‍ ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭികാത്ത വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മുള്ളന്‍ക്കൊല്ലി-പുല്‍പ്പള്ളി പ്രദേശങ്ങളിലെ വരള്‍ച്ചാ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരാപ്പുഴ ഡാമില്‍ നിന്നും പൈപ്പ് ലൈന്‍ മുഖേന വെള്ളം എത്തിക്കുന്ന പ്രവര്‍ത്തി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. വനമേഖലയോട് ചേര്‍ന്നുള്ള ഉന്നതികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എ മജീദ് പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ചക്കിണി ഉന്നതിയില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിക്കാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിന് പരിവേഷ് പോര്‍ട്ടലിലൂടെ ക്ലിയറന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കടമാന്‍തോട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഡി.പി.ആര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരാന്‍ കാവേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

Related News